Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹർത്താൽ എന്ന തോന്ന്യവാസം നിയന്ത്രിച്ചേ മതിയാവൂ; എന്നാൽ ജനങ്ങളുടെ സ്വാഭാവിക പ്രതികരണത്തിന്റെ പേരിൽ പൊതു പ്രവർത്തകരെ ശിക്ഷിക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല; ഹർത്താൽ വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കും മുമ്പ് സിപിഎം എം വി ജയരാജനെ കൊണ്ട് മാപ്പ് പറയിക്കണം; ഇൻസ്റ്റന്റ് റസ്‌പോൺസ്

ഹർത്താൽ എന്ന തോന്ന്യവാസം നിയന്ത്രിച്ചേ മതിയാവൂ; എന്നാൽ ജനങ്ങളുടെ സ്വാഭാവിക പ്രതികരണത്തിന്റെ പേരിൽ പൊതു പ്രവർത്തകരെ ശിക്ഷിക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല; ഹർത്താൽ വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കും മുമ്പ് സിപിഎം എം വി ജയരാജനെ കൊണ്ട് മാപ്പ് പറയിക്കണം; ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

 മ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യം ഒരുവശത്ത് നിയമനിർമ്മാണസഭയും മറുവശത്ത് കോടതികളും നിൽക്കുന്ന സവിശേഷതയാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് തന്നെ നിയമനിർമ്മാണസഭകൾ, അത് സംസ്ഥാനത്തിന്റെതായും, കേന്ദ്രത്തിന്റേതായാലും രാജ്യത്തെ ജനങ്ങളുടെ ക്ഷേമ-സുരക്ഷയ്ക്കായി നിയമം നിർമ്മിക്കുകയും, എക്‌സിക്യൂട്ടീവ് എന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അടങ്ങുന്ന ഭരണസംവിധാനം നടപ്പിലാക്കുകയും, എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്കും, രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കും വിധേയമാണ് എന്ന് കോടതികൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന പരസ്പര പൂരകങ്ങളായ സംവിധാനമാണ്. അതുകൊണ്ടുതന്നെ തന്നെ പാർലമെന്റിനോ എക്‌സിക്യൂട്ടീവിനോ, കോടതിയുടെ മേലോ കോടതിക്ക് പാർലമെന്റിനോ, എക്‌സിക്യൂട്ടീവിനോ മേലോ അധികാരമില്ല.

ഒരു നിർണായകമായ ഘട്ടത്തിൽ ഒരുവ്യക്തി അല്ലെങ്കിൽ സ്ഥാപനം, അല്ലെങ്കിൽ സമൂഹം, ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ, അതുമായി ബന്ധപ്പെട്ട നിയമം രാജ്യത്ത് നിലവിലില്ലെങ്കിൽ, അങ്ങനെയൊരു നിയമം വരുന്നത് വരെ നിയമം പ്രഖ്യാപിക്കുന്നതിനുള്ള അധികാരവും കോടതിക്കുണ്ട്. നിർഭാഗ്യവശാൽ ആരും ചോദിക്കാനും പറയാനും ഇല്ല എന്ന തോന്നൽ മൂലം, നമ്മുടെ കോടതികൾ ഒരുപരിധി വരെ അവർക്ക് അനുവദിച്ചുകൊടുത്തിരിക്കുന്ന, ഭരണഘടനാപരമായ അവകാശങ്ങൾക്ക് അപ്പുറത്തേക്ക് കടന്നുചെല്ലുകയും സ്വയം നിയമനിർമ്മാതാക്കളായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് എങ്ങുമുള്ളത്.

സമാധാനത്തോട് കൂടി കൂട്ടം കൂടാനും പ്രതിഷേധിക്കാനുമുള്ള അധികാരവും അവകാശവും, ഇന്ത്യൻ ഭരണഘടന ഓരോ പൗരനും നൽകുന്നതാണ്. അത് നിഷേധിക്കാൻ ഒരുകോടതിക്കും അധികാരമില്ല. അതുകൊണ്ടാണ് ഒട്ടേറെത്തവണ ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചെന്നപ്പോൾ പോലും, അത് അംഗീകരിക്കാതെ പോയത്. 2017 ഏപ്രിൽ ഒന്നാം തീയതി സുപ്രീംകോടതിയിലെ ജസ്റ്റിസുമായ കേഹാറും ചന്ദ്രചൂഡും അടങ്ങുന്ന ബഞ്ച്, ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. Hartal can never be unconstitutional.Right to protest is a valuable constitutional right. How can we say hartals are unconstitutional?ഇങ്ങനെയൊരു നിരീക്ഷണം നിലനിൽക്കുമ്പോഴാണ് കേരള ഹൈക്കോടതി ഹർത്താൽ നിരോധിക്കുന്നതിന് തുല്യമായ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന മിന്നൽ ഹർത്താലുകളെ, സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ബന്ദിയാക്കുന്ന ഹർത്താലുകളെ എതിർക്കേണ്ടത് തന്നെയാണ്. എന്നാൽ, അത്തരം നിരോധനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ ലംഘിക്കുമ്പോൾ അത് നിയമവിരുദ്ധമാകുന്നു, അതുകൊണ്ടാണ് അറിവുള്ളവർ പറയുന്നത് നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടത് എന്ന്. ഇത് മനസ്സിലാക്കിക്കൊണ്ടാണ് സുപ്രീം കോടതി പോലും ഹർത്താൽ നിരോധനം തള്ളിക്കളഞ്ഞത്.

അതേസമയം, ഒരുവർഷം 100 ഹർത്താലുകൾ നടക്കുന്നത് ഒരിക്കലും ജനാധിപത്യത്തിന് ഗുണകരമല്ല. എന്നാൽ, ഭരണകൂടങ്ങൾ അവരുടെ ധർമം നിറവേറ്റാതിരിക്കുകയും, നിരപരാധികളായ മനുഷ്യരെ പോലും ഭരണകൂടങ്ങളുടെ പിന്തുണയോടുകൂടി, വെട്ടിക്കൊല്ലുകയും ചെയ്യുന്ന സാഹചര്യത്തിൽ, സ്വാഭാവികമായ ജനവികാരം രൂപപ്പെടുകയും, അത് ഹർത്താലാകുകയും, അതിന്റെ പേരിൽ ജനകീയ നേതാക്കന്മാരെ പിടിച്ച് ജയിലിൽ ഇടാനും കേസെടുക്കാനും പറയുന്നത് യുക്തിസഹമല്ല. കൗമാരം വിടാത്ത രണ്ടുചെറുപ്പക്കാരെ, സിപിഎം എന്ന നാടുഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാർ പരസ്യമായി വെട്ടിക്കൊലപ്പെടുത്തിയപ്പോൾ സ്വാഭാവികമായി അവിടുത്തെ കോൺഗ്രസ് നേതാക്കന്മാർക്കും പ്രവർത്തകർക്കുമുണ്ടായ വികാരമായിരുന്നു കഴിഞ്ഞ ഹർത്താൽ. ആ ഹർത്താലിൽ ആരെങ്കിലും അക്രമം അഴിച്ചുവിട്ടിട്ടുണ്ടെങ്കിൽ അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിൽ തെറ്റില്ല. എന്നാൽ, അതെല്ലാം ഡീൻ കുര്യാക്കോസ് എന്ന നേതാവിന്റെ മാത്രം ബാധ്യതയാക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഈ അവസരം മുതലെടുത്തുകൊണ്ട് സെൻകുമാർ എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവായ മുൻ ഡിജിപിക്കെതിരെ, 990 കേസുകൾ ചാർജ് ചെയ്യുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ 990 കേസുകൾ ഉണ്ടായിരുന്നു. ആ കേസുകളിലൊക്കെ സെൻകുമാറിനെ പ്രതി ചേർക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. 189 കേസുകളിൽ ഡീനും, 990 കേസുകളിൽ സെൻകുമാറും അകപ്പെട്ടാൽ, പൗരൻ എന്ന നിലയിൽ എന്തുതരം സംരക്ഷണമാണ് സർക്കാരും കോടതിയും നൽകുന്നത്?

ഹർത്താലിന് ആഹ്വാനം ചെയ്യുന്നത് തെറ്റാണ് എന്നുപറയുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. എന്നാൽ, ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ കേസ് എടുക്കുകയും വേണം. അതുകൊണ്ടുതന്നെ കോടതി അധികാരം ലംഘിച്ചിരിക്കുന്നു എന്നു പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. ഇതിലെ ഏറ്റവും പരിഹാസ്യരായ കഥാപാത്രം ഹർത്താൽ വിരുദ്ധ വേഷം കെട്ടിയാടുന്ന സിപിഎമ്മുകാർ തന്നെയാണ്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും അധികം ഹർത്താൽ നടത്തിയിട്ടുള്ളതും അക്രമം നടത്തിയതും സിപഎമ്മുകാർ തന്നെ. ഒരുപക്ഷേ ബിജെപിയും ആർഎസ്എസും അവർക്കൊപ്പം എത്തിയെന്ന് വരാം. പൊതുവിടങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പൊതുയോഗങ്ങളും സമ്മളനങ്ങളും നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ ചില്ലുമേടയിലിരുന്നു ശുംഭന്മാർ നടത്തുന്ന വിധിയാണ് എന്ന് പറഞ്ഞയാളാണ്് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടിയിലെ മുൻനിര നേതാവുമായ എം വിജയരാജൻ. അന്ന് ഹൈക്കോടതിയിൽ കേസായപ്പോൾ, തന്റെ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും, ഒരുകാരണവശാലും ക്ഷമ പറയില്ലെന്നുമാണ് ജയരാജൻ പറഞ്ഞത്. ഹൈക്കോടതി ജയരാജന് വിധിച്ചത് ആറുമാസത്തെ തടവായിരുന്നു. സുപ്രീംകോടതിയിൽ പോയി ശുംഭൻ എന്ന വാക്കിന്റെ നിഷ്‌ക്കളങ്കത തെളിയിക്കാൻ ശ്രമിച്ചെങ്കിലും കോടതി അത് തെറ്റ് തന്നെയാണെന്ന് കണ്ടെത്തി നാലാഴ്ചത്തെ തടവ് വിധിക്കുകയും ചെയ്തു. ജയരാജൻ തടവിൽ നിന്ന് പുറത്തിറങ്ങിയത് ധീരനായ യോദ്ധാവിനെ പോലെയാണ്. ഇന്നും സിപിഎമ്മിന്റെ നട്ടെല്ലായി ചൂണ്ടിക്കാണിക്കുന്നത് കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ആ ജയിൽ വാസമാണ്. ഹർത്താൽ ഇത്ര മോശമാണെങ്കിൽ ഡീനിനും സെൻകുമാറിനും എതിരെ കേസെടുക്കാമെങ്കിൽ, പിണറായി വിജയനും സർക്കാരും ആദ്യം ചെയ്യേണ്ടത് ജയരാജനെ കൊണ്ട് മാപ്പുപറയിക്കുകയാണ്.

ഹർത്താലുകൾ ജനവിരുദ്ധം തന്നെയാണ്. ജനങ്ങളുടെ സ്വൈര ജീവിതം തടസ്സപ്പെടുത്താൻ ആർക്കും അധികാരമില്ല. അനാവശ്യഹർത്താലുകളും ഒഴിവാക്കണം. എന്നാൽ ജനാധിപത്യത്തിലെ ഏറ്റവും വലിയ പ്രതിഷേധമാർഗ്ഗമായ ഹർത്താലുകളെ ഇല്ലാതാക്കാൻ ഏതുസർക്കാരും, ഏതുകോടതിയും ശ്രമിച്ചാലും അത് ജനാധിപത്യത്തിന്റെ മുഖത്തേറ്റ ഏറ്റവും വലിയ അടിയാണ് എന്ന് പറയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP