Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റ് കളി വേണ്ടെന്ന് വച്ചല്ല കളിച്ചാണ് നമ്മൾ കരുത്ത് തെളിയിക്കേണ്ടത്; രാജ്യാന്തര കളി നിയമങ്ങൾ മറന്ന്, കളിക്ക് വരുന്ന താരങ്ങളുടെ വിസ റദ്ദാക്കിയത് വഴി നഷ്ടപ്പെടുത്തിയത് അനേകം ഇന്ത്യൻ കായികതാരങ്ങളുടെ സുവർണ്ണ സ്വപ്നമാണ്; യുദ്ധത്തിന്റെ പേരിൽ കളിയെ അപമാനിച്ച മോദി എന്തിനാണ് ഇന്ത്യയെ നാണം കെടുത്തുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

ക്രിക്കറ്റ് കളി വേണ്ടെന്ന് വച്ചല്ല കളിച്ചാണ് നമ്മൾ കരുത്ത് തെളിയിക്കേണ്ടത്; രാജ്യാന്തര കളി നിയമങ്ങൾ മറന്ന്, കളിക്ക് വരുന്ന താരങ്ങളുടെ വിസ റദ്ദാക്കിയത് വഴി നഷ്ടപ്പെടുത്തിയത് അനേകം ഇന്ത്യൻ കായികതാരങ്ങളുടെ സുവർണ്ണ സ്വപ്നമാണ്; യുദ്ധത്തിന്റെ പേരിൽ കളിയെ അപമാനിച്ച മോദി എന്തിനാണ് ഇന്ത്യയെ നാണം കെടുത്തുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

 പാകിസ്ഥാൻ എന്ന ഭീകരരാഷ്ട്രത്തിനെതിരെ ആവശ്യമെങ്കിൽ യുദ്ധം ചെയ്യണമെന്ന കാര്യത്തിൽ ഒരുഇന്ത്യാക്കാരനും തർക്കമില്ല. ഭാഗ്യവശാൽ, ഇന്ത്യയുടെ നിലപാടിനെ ഐക്യരാഷ്ട്രസഭയും അംഗീകരിച്ചിരിക്കുന്നു. പ്രതിരോധിക്കുവാനുള്ള അവകാശം..ആരാണോ ഇന്ത്യയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയത് അവരെ ഇല്ലാതാക്കുന്നതിനുള്ള അവകാശം. മാത്രമല്ല, അവർക്ക് ഓശാന പാടുകയും ചൂട്ടുപിടിക്കുകയും, സ്‌പോൺസർ ചെയ്യുന്നവരെയും സുരക്ഷ ഒരുക്കുന്നവരെയും ഇല്ലാതാക്കാനുള്ള അവകാശമാണ് യുഎൻ ഇന്ത്യക്ക് നൽകിയിരിക്കുന്നത്. എന്നാൽ, അതൊന്നും ലോകത്തെ ഒന്നിച്ചുനിർത്തുന്ന കളിയുടെ രസതന്ത്രം തകർക്കുന്നതിന് ന്യായീകരണമല്ല.

ഇന്ന് ആവേശം മൂത്ത ഇന്ത്യൻ ഭരണകൂടം ആവശ്യപ്പെടുന്നത് പാക്കിസ്ഥാനുമായുള്ള എല്ലാ കളികളും അവസാനിപ്പിക്കാനാണ്. ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പ്രാഥമിക റൗണ്ടിൽ, ഏറ്റുമുട്ടാൻ പോകുന്ന മത്സരമാണ് ഏറ്റവും ശ്രദ്ധേയമായത്. ജൂണിൽ, ഇംഗ്ലണ്ടിൽ നടക്കുന്ന ആ മത്സരത്തിൽ 25,000 പേർക്ക് മാത്രമാണ് സീറ്റ് കിട്ടുക. എന്നാൽ, നാലുലക്ഷം പേരാണ് ടിക്കറ്റിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരുപക്ഷേ ലോകകപ്പിന്റെ ഫൈനൽ മത്സരത്തേക്കാൾ വാശിയേറിയ മത്സരമായിരിക്കും അത്. അതിൽ പങ്കെടുക്കരുത് എന്ന് ഇന്ത്യ പറയുമ്പോൾ പാക്കിസ്ഥാൻ എന്ന ഭീകരരാഷ്ട്രത്തിന്റെ അതിഭീകരമുഖം തുറന്നുകാട്ടുകയല്ല, നേരേ മറിച്ച് ഇന്ത്യ എന്ന സഹിഷ്ണുതയില്ലാത്ത, ലോകത്തെ ഒന്നിപ്പിക്കുന്നതിന് വേണ്ടി മനുഷ്യവംശം കണ്ടെത്തിയ കായിക ഇനങ്ങളെ അപമാനിക്കുന്ന രാഷ്ട്രം എന്ന പേരുണ്ടാവുകയാണ് ചെയ്യുക.

ഓരോ ഇന്ത്യാക്കാരന്റെയും ജീവൻ കാക്കുന്നതിന് വേണ്ടി സ്വയം ഇല്ലാതായ നാൽപത് സൈനികരെ ഇഷ്ടപ്പെടുന്ന ഓരോ ഇന്ത്യാക്കാരനും കാണാൻ ആഗ്രഹിക്കുന്നത് ഇംഗ്ലണ്ടിലെ ആ മൈതാനിയിൽ പാക്കിസ്ഥാനിലെ ആ കളിക്കാരെ അടിച്ചോടിക്കുന്ന ഇന്ത്യൻ ചുണക്കുട്ടന്മാരുടെ വീര്യമാണ്. അല്ലാതെ പേടിച്ച് മത്സരത്തിൽ നിന്നും പിന്മാറുന്ന അധീരതയല്ല. ക്രിക്കറ്റ് ഇന്ത്യാക്കാരന് ഒരുമതം കൂടിയായതിനാൽ, ന്യായങ്ങൾ കണ്ടെത്താൻ കഴിയാം. എന്നാൽ, ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്ന തീരുമാനമല്ല, ഡൽഹിയിൽ നടക്കുന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ, പാക് കായികതാരങ്ങൾക്ക് വിസ നിഷേധിച്ച ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനം, അത് ഒളിമ്പിക് ചാർട്ടറിന് എതിരാണ്. ഇന്ത്യ സ്വയം കുഴി തോണ്ടിയതിന് തുല്യമാണ്, ഇന്ത്യയിലെ കായികതാരങ്ങളുടെ ഭാവി അടയ്ക്കുന്ന വൃത്തികെട്ട തീരുമാനമാണ്. ഇന്ത്യൻ സേനയുടെ ജീവനെടുത്തത് ഈ കളിക്കാരാണെങ്കിൽ പോലും, അവർക്ക് വിസ നിഷേധിക്കാനുള്ള അധികാരവും അവകാശവും ഇന്ത്യക്കില്ല. അത്തരം ഭീകരന്മാരെ ഇങ്ങോട്ട് അയയ്ക്കരുതെന്ന് അഭ്യർത്ഥിക്കാനുള്ള അവകാശം മാത്രമേ ഇന്ത്യക്കുള്ളു. അന്താരാഷ്ട്ര കായിക മത്സരങ്ങളും, കായികതാരങ്ങളും, അന്താരാഷ്ട്ര ഒളിമ്പിക് ബോഡിയുടെ സമ്പൂർണ നിയന്ത്രണത്തിൽ തന്നെയാണ്. ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചത് ലോക കൡിയമങ്ങളെയും, ഒളിമ്പിക് ചാർട്ടറിനെയും ആദരിക്കുന്നതുകൊണ്ടുമാത്രമാണ്.

പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധം ആരംഭിച്ചാൽ പോലും, പാക്കിസ്ഥാനിൽ നിന്ന് കളിക്കാർക്ക് വന്ന് ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള സൗകര്യവും സുരക്ഷയും ഒരുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അതുകൊണ്ടാണ് ബദ്ധവൈരികളായ ഉത്തരകൊറിയൻ താരങ്ങൾ ദക്ഷിണ കൊറിയയിൽ പോകുന്നതും ഫലസ്തീൻ താരങ്ങൾ, ഇസ്രയേലിൽ പോകുന്നതും. അതുമനസ്സിലാക്കാതെ മൂന്ന് പാക്കിസ്ഥാൻ കായികതാരങ്ങൾക്ക് വിസ നിഷേധിച്ചപ്പോൾ, അവഗണിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും പാക്കിസ്ഥാനല്ല ഇന്ത്യയാണ്. അതുകൊണ്ട് എന്താണ് സംഭവിച്ചത്? അടിയന്തരമായി ഐഒസി ചേർന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശം റദ്ദ് ചെയ്തിരിക്കുന്നു. മുമ്പേ തീരുമാനിച്ച ഷൂട്ടിങ് മത്സരങ്ങളിൽ, പാക്കിസ്ഥാൻ താരങ്ങൾ പങ്കെടുക്കേണ്ട ആ ഷൂട്ടിങ് ഇനങ്ങളിൽ, ജേതാക്കളാകുമെന്ന പ്രവചിക്കപ്പെട്ടിരുന്നത് ഇന്ത്യൻ താരങ്ങളാണ്. ഈ തീരുമാനം വഴി ഇന്ത്യാ സർക്കാർ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിന് മൂന്നുഇന്ത്യാക്കാരുടെ അവസരമാണ് നിഷേധിച്ചിരിക്കുന്നത്.

2026 ലെ യൂത്ത് ഒളിമ്പിക്‌സ് 2036 ലെ ഏഷ്യൻ ഗെയിംസ്, 2037 ലെ ഒളിമ്പിക്‌സ്, എന്നീ മൂന്നുടൂർണമെന്റുകൾ ഇന്ത്യയിൽ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഇന്ത്യ പോലെ മഹത്തായ രാഷ്ട്രത്തിന് ഒളിമ്പിക്‌സ് പോലൊരു കായിക മാമാങ്കം നടത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നത് അമേരിക്കയും ബ്രിട്ടനും പോലുള്ള രാഷ്ട്രങ്ങളാണ്. ഏഷ്യൻ ഗെയിംസ് കണ്ടുപിടിച്ച ഇന്ത്യയിൽ അതുരണ്ടുവട്ടമേ നടന്നുള്ളുവെന്നത് അപമാനമായി തോന്നുന്നത് ചൈന അടക്കമുള്ള വൻകിട രാഷ്ട്രങ്ങൾക്കാണ്. അവരൊക്കെ ഇന്ത്യ ഒളിമ്പിക്‌സും ഏഷ്യൻ ഗെയിംസും നടത്തണമെന്ന് ആഗ്രഹിക്കുമ്പോൾ, എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടം അത് വേണ്ടാ എന്നുവയ്ക്കുന്നത്?

പാക്കിസ്ഥാനെ നേരിടേണ്ടത് അത്യാവശ്യമാണെങ്കിൽ കൂടി കളിയിൽ രാഷ്ട്രീയം കലർത്തി ഇന്ത്യയുടെ അന്തസ് തകർക്കാൻ കേന്ദ്രസർക്കാരിന് ആരാണ് അധികാരം നൽകിയത്? എത്രയും വേഗം ആ തെറ്റ് തിരുത്തി ഇന്ത്യയുടെ അന്തസ് സംരക്ഷിക്കാൻ കേന്ദ്രസർക്കാർ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ഒളിമ്പിക് കമ്മിറ്റിയുടെ കീഴിലുള്ള കായിക ഇനങ്ങളുടെ പേരിൽ മാത്രമല്ല, ക്രിക്കറ്റിലും അങ്ങനെ തന്നെ വേണം തീരുമാനം എടുക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP